കുഞ്ഞിനെ തനിച്ചാക്കിപോയ അമ്മയെ മാനസികമായി തളർന്ന നിലയിൽ തെരുവിൽ കണ്ടെത്തി ;കുടുംബത്തെ ഒത്തൊരുമിപ്പിച്ച് ദുബായ് പോലീസ്
ദുബായിൽ കെട്ടിടത്തിലെ ഒരു അപ്പാർട്ട്മെന്റിൽ ഒരു കുഞ്ഞ് നിർത്താതെ കരയുന്നതിനെക്കുറിച്ച് അയൽക്കാരനിൽ നിന്ന് ഒരു കോൾ ലഭിച്ചതിനെ തുടർന്ന് അൽ മുറാഖാബത്ത് പോലീസ് സ്റ്റേഷനിലെ പോലീസുകാർ സംശയാസ്പദമായ സാഹചര്യത്തിൽ അപ്പാർട്ട്മെന്റിലെത്തിയപ്പോൾ അവിടെ ഒരു വയസുള്ള ആൺകുട്ടി തനിച്ച് കരയുന്നതായി ശ്രദ്ധയിൽപ്പെടുകയായിരുന്നു.
ഉടൻ തന്നെ കുട്ടിയെ ദുബായ് ഫൗണ്ടേഷൻ ഫോർ വുമൺ ആന്റ് ചിൽഡ്രനിലേക്ക് കൊണ്ടുപോയി കാണാതായ കുട്ടിയുടെ അമ്മക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു. തുടർന്ന് വീടിനടുത്തുള്ള ഒരു തെരുവിൽ കുട്ടിയുടെ അമ്മയെ മാനസികമായി തളർന്ന നിലയിൽ പോലീസ് കണ്ടെത്തി.
ഭർത്താവ് ബിസിനസ്സ് ആവശ്യങ്ങൾക്കായി വിദേശയാത്ര നടത്തിയെന്നും കോവിഡ് -19 പാൻഡെമിക് കാരണം വിമാനത്താവളം അടച്ചതിനാൽ തിരിച്ചെത്താൻ കഴിഞ്ഞില്ലെന്നും ഭർത്താവുമായുള്ള ബന്ധം പൂർണ്ണമായി നഷ്ടപ്പെട്ടുവെന്നും അന്വേഷണത്തിൽ പോലിസിന് വ്യക്തമായി. തുടർന്ന് ഫോഴ്‌സിന്റെ വിക്ടിം സപ്പോർട്ട് പ്രോഗ്രാമിലെ വനിതാ ജീവനക്കാർ കുട്ടിയുടെ അമ്മയെ ശാന്തമാക്കാനും അവർക്ക് മാനസിക ചികിത്സയും നൽകി.
കുട്ടിയുമായി തനിച്ചാണ് താമസിക്കുന്നതെന്നും യുവതിയായ അമ്മ പറഞ്ഞു. ഭയന്ന് അവസ്ഥ സഹിക്കാൻ കഴിയാതെ അവൾ വീട് വിട്ട് തെരുവുകളിൽ അലയുകയായിരുന്നുവെന്ന് അവർ പറഞ്ഞു. ദുബായ് പോലീസ് യുവതിയുടെ ഭർത്താവിന്റെ വിവരങ്ങൾ യുവതിയിൽ നിന്ന് ശേഖരിക്കുകയും അദ്ദേഹം താമസിക്കുന്ന രാജ്യത്തെ കോൺസുലേറ്റുമായി ബന്ധപ്പെടുകയും ചെയ്തു. മൂന്ന് മാസത്തിനുള്ളിൽ യുഎഇയിലേക്കുള്ള ഭർത്താവിന്റെ മടങ്ങിവരവിനും പോലീസ് സഹായിച്ചു.
അതിനുശേഷം ദുബായ് പോലീസ് സ്റ്റേഷനിൽ സന്തോഷകരമായ കുടുംബത്തിന്റെ പുന :സമാഗമം നടന്നു. തങ്ങളെ വീണ്ടും ഒന്നിപ്പിച്ചതിനും കുട്ടിയെ രക്ഷിച്ചതിനും സഹായിച്ചതിനും കുടുംബം പൊലീസിന് നന്ദി പറഞ്ഞു.